ചെറുശ്ശേരി നമ്പൂതിരി
ചെറുശ്ശേരി നമ്പൂതിരി ക്രിസ്തുവർഷം 15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാളം ഭാഷാകവിയാണ് . പ്രാചീന കവിത്രയങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്.[1] സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി.
മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നതു് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണു്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്
മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്.
കുഞ്ചൻ നമ്പ്യാർ
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖമലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.
ഉള്ളടക്കം |
ജീവിതരേഖ
ചന്ദ്രികാവീഥി, ലീലാവതീവീഥി, തുടങ്ങിയ രൂപകം രൂപകങ്ങളും, വിഷ്ണുവിലാസം, രഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്തവാർത്തികം എന്നീ ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്കൃതത്തിൽ എഴുതിയ രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ അവകാശവാദം ഇന്നും സ്ഥിരീകൃതമായിട്ടില്ല.നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു.[1] ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ് തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികൾ പ്രസിദ്ധമാണ്:-
| “ | ചെമ്പകനാട്ടിന്നലങ്കാരഭൂതനാം, തമ്പുരാൻ ദേവനാരായണസ്വാമിയും കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം; കുമ്പിടുന്നേനിന്നു നിൻപദാംഭോരുഹം |
” |
| “ | കോലംകെട്ടുക, കോലകങ്ങളിൽ നടക്കെന്നുള്ള വേലക്കിനി- ക്കാലം വാർദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ. |
” |
കൃതികൾ
തുള്ളൽ
അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് എന്ന ക്ഷേത്രകലയിൽ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളൽ. തുള്ളലിന് കൂത്തുമായി വളരെ സാമ്യമുണ്ടെന്നതൊഴിച്ചാൽ ഈ ഐതിഹ്യത്തിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക ബുദ്ധിമുട്ടാണ്. ഏതായാലും തുള്ളലിനെ ഒരൊന്നാംകിട കലാരൂപമായി വികസിച്ചെടുക്കാനും അതിന് പരക്കെ അംഗീകാരം നേടിയെടുക്കാനും നമ്പ്യാർക്ക് കഴിഞ്ഞു. അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാർ. വാക്കുകൾ അദ്ദേഹത്തിന്റെ നാവിൽ നൃത്തം ചെയ്യുകയായിരുന്നത്രെ.| “ | പാൽക്കടൽത്തിര തള്ളിയേറി വരുന്നപോലെ പദങ്ങളെൻ നാവിലങ്ങനെ നൃത്തമാണൊരു ഭോഷ്ക്കു ചൊല്ലുകയല്ല ഞാൻ |
” |
| “ | ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്‌വരും |
” |
ഓട്ടൻ തുള്ളലുകൾ
- സ്യമന്തകം
- ഘോഷയാത്ര
- നളചരിതം
- കിരാതം
- കാർത്തവീര്യാർജ്ജുനവിജയം
- രുഗ്മിണീസ്വയംവരം
- പ്രദോഷമാഹാത്മ്യം
- രാമാനുജചരിതം
- ബാണയുദ്ധം
- പാത്രചരിതം
- സീതാസ്വയംവരം
- ലീലാവതീചരിതം
- അഹല്യാമോഷം
- രാവണോത്ഭവം
- ചന്ദ്രാംഗദചരിതം
- നിവാതകവചവധം
- ബകവധം
- സന്താനഗോപാലം
- ബാലിവിജയം
- സത്യാസ്വയംവരം
- ഹിദിംബവധം
- ഗോവർദ്ധനചരിതം
ശീതങ്കൻ തുള്ളലുകൾ
- കല്യാണസൗഗന്ധികം
- പൗണ്ഡ്രവധം
- ഹനുമദുത്ഭവം
- ധ്രുവചരിതം
- ഹരിണീസ്വയംവരം
- കൃഷ്ണലീല
- ഗണപതിപ്രാതൽ
- ബാല്യുത്ഭവം
പറയൻ തുള്ളലുകൾ
- സഭാപ്രവേശം
- പുളിന്ദീമോഷം
- ദക്ഷയാഗം
- കീചകവധം
- സുന്ദോപസുന്ദോപാഖ്യാനം
- നാളായണീചരിതം
- ത്രിപുരദഹനം
- കുംഭകർണ്ണവധം
- ഹരിശ്ചന്ദ്രചരിതം
ഇതരകൃതികൾ
തുള്ളലുകളല്ലാത്ത കൃതികളും നമ്പ്യാരുടേതായുണ്ട്. താഴെപ്പറയുന്നവ അവയിൽ ചിലതാണ്:-- പഞ്ചതന്ത്രം കിളിപ്പാട്ട്
- ശ്രീകൃഷ്ണചരിതം മണിപ്രവാളം
- രുഗ്മിണീസ്വയംവരം പത്തുവൃത്തം
- ശീലാവതി നാലുവൃത്തം
- ശിവപുരാണം
- നളചരിതം കിളിപ്പാട്ട്
- വിഷ്ണുഗീത
കൃതികളുടെ പ്രത്യേകതകൾ
സമൂഹവിമർശനം, നിശിതമായ ഫലിതപരിഹാസങ്ങൾ, കേരളീയത, സാധാരണക്കാരന്റെ ഭാഷ, ലോകോക്തികൾ എന്നിവയെല്ലാം നമ്പ്യാരുടെ കൃതികളുടെ ലക്ഷണങ്ങളായി നിരൂപകർ എടുത്തു പറയുന്നു. അദ്ദേഹത്തിന്റെ രചനകളുടെ ഈ പ്രത്യേകതകൾ കവിക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ജനകീയ കവി എന്ന് നമ്പ്യാർ വിശേഷിക്കപ്പെടാറുണ്ട്.ഫലിതം
പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളൽ കൃതികളും എങ്കിലും അവയിൽ കഴിയുന്നത്ര നർമ്മവും സാമൂഹ്യപ്രസക്തിയുള്ള പരിഹാസവും കലർത്തുവാൻ കവി ശ്രദ്ധിച്ചിരുന്നു. നളചരിതത്തിൽ, സന്ദേശം വഹിച്ചുകൊണ്ടു പറന്നുപോകുന്ന അരയന്നം കണ്ട ദേശാന്തരങ്ങളിലെ കാഴ്ചകൾ വർണ്ണിക്കുന്ന ഭാഗം പ്രസിദ്ധമാണ്.| “ | നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല; ആയതുകേട്ടുകലമ്പിച്ചെന്നങ്ങായുധമുടനേ കാട്ടിലെറിഞ്ഞു. ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു. കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു. ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു; ചിരവയെടുത്തഥ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു; അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു. |
” |
| “ | നോക്കെടാ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ, നീയങ്ങു മാറിക്കിടാ ശഠാ! ദുർഘടസ്ഥാനത്തു വന്നുശയിപ്പാന്നിനക്കെടാ തോന്നുവനെന്തെടാ സംഗതി? |
” |
| “ | ആരെന്നരിഞ്ഞു പറഞ്ഞു നീ വാനരാ!, പാരം മുഴുക്കുന്നു ധിക്കാരസാഹസം; പൂരുവംശത്തിൽ പിറന്നു വളർന്നൊരു പൂരുഷശ്രേഷ്ഠൻ വൃകോദരനെന്നൊരു വീരനെ കേട്ടറിവില്ലേ നിനക്കെടോ, ധീരനാമദ്ദേഹമിദ്ദേഹമോർക്ക നീ നേരായ മാർഗ്ഗം വെടിഞ്ഞു നടക്കയില്ലാരോടു മിജ്ജനം തോൽക്കയുമില്ലേടോ, മാറിനില്ലെന്നു പറയുന്ന മൂഢന്റെ മാറിൽ പതിക്കും ഗദാഗ്രമെന്നോർക്കണം. |
” |
കേരളീയത
പതിനെട്ടാം ശതകത്തിൽ കേരളത്തിൽ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൾ, ഉത്സവങ്ങൾ, അങ്ങാടി വാണിഭം, നാടൻ മത്സ്യബന്ധനം, ചികിത്സാരീതികൾ, കൃഷിയറിവുകൾ, കടലറിവുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടു സംഗീതം, മുത്തശ്ശിച്ചൊല്ലുകൾ തുടങ്ങിയ മണ്ഡലങ്ങൾ നമ്പ്യാർ കവിത വിശദമാക്കുന്നു.[3]തുള്ളൽക്കവിതകളിൽ മിക്കവയുടേയും പ്രമേയം പുരാണേതിഹാസങ്ങളാണെങ്കിലും നമ്പ്യാർ അവക്ക് കൊടുക്കുന്ന പശ്ചാത്തലം കേരളീയമാണ്. കഥാപാത്രങ്ങൾക്ക് അദ്ദേഹം മലയാളിത്തം കല്പിച്ചുകൊടുക്കുന്നു. ഭീമൻ, ദുര്യോധനൻ, ദേവേന്ദ്രൻ , ദമയന്തി, ദ്രൗപദി, സീത, പാർവ്വതി തുടങ്ങിയ കഥാപാത്രങ്ങൾ കേരളത്തിലെ സ്ഥിതിഗതികൾക്കനുരൂപമായ വേഷപ്പകർച്ചയോടുകൂടി മാത്രമേ തുള്ളലുകളിൽ പ്രത്യക്ഷപ്പെടുന്നുള്ളു. ഭൂ-സ്വർഗ്ഗ-പാതാളങ്ങൾ നമ്പ്യാരുടെ ഭാവനയിൽ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു. അയൊദ്ധ്യയിലും, അളകാപുരിയിലും, സ്വർഗ്ഗത്തിലും പാതാളത്തിലും എല്ലാം കേരളീയർ തന്നെ. കേളച്ചാരും, കാളിപ്പെണ്ണും ചിരികണ്ടച്ചാരും, കോന്തനും, കേളനും, കുമരിയും, ഇച്ചിരിയും, ഇട്ടുണ്ണൂലിയും ഒക്കെ അവിടങ്ങളിൽ ഉണ്ട്. കേരളത്തിലെ നായന്മാരും പട്ടന്മാരും, കൊങ്ങിണിമാരും, നമ്പൂതിരിമാരും ഇല്ലാത്ത പ്രദേശങ്ങൾ ഇല്ല. സന്താനഗോപാലത്തിലെ അർജുനൻ, യമപുരിയിൽ ചെന്നപ്പോൾ "കള്ളുകുടിക്കും നായന്മാരുടെ പള്ളക്കിട്ടു കൊടുക്കണ കണ്ടു" വത്രെ. ദുര്യോധനന്റെ വനത്തിലേക്കുള്ള ഘോഷയാത്രയിൽ അമ്പും വില്ലും ധരിച്ച നായന്മാരെ കൂടാതെ, "പട്ടാണികൾ പല ചെട്ടികളും കോമട്ടികളും പല പട്ടന്മാരും" ഒക്കെ ഉണ്ടായിരുന്നു. ഘോഷയാത്രക്ക് മുൻപ് സേനകൾക്ക് നലകിയ സദ്യയും തികച്ചും കേരളീയമായിരുന്നു:-
| “ | ഇലവച്ചങ്ങു നിരന്നു തുടങ്ങീ, വലിയരിവച്ചു വെളുത്തൊരു ചോറും പലപല കറിയും പഴവും നെയ്യും നലമൊടു വളരെ വിളമ്പീടുന്നു. വട്ടഞ്ചക്കര ചേർത്തുകലക്കി ചട്ടം കൂട്ടിന തേങ്ങാപ്പാലും ഒട്ടല്ലൂണിനു വട്ടം പലവിധമിഷ്ടമറിഞ്ഞു കൊടുത്തീടുന്നു |
” |
| “ | വിളവിൽ പാതി നമുക്കു തരേണം, മുളകു സമസ്തവുമേല്പ്പിക്കേണം; തെങ്ങുകവുങ്ങുകൾ മാവും പ്ലാവും എങ്ങുമെനിക്കിഹ കണ്ടെഴുതേണം; മാടമ്പികളുടെ പദവികളൊന്നും, കൂടുകയില്ലാ നമ്മുടെ നാട്ടിൽ; വീടന്മാരും വിളവുകൾ നെല്ലുകൾ വിത്തിലിരട്ടി നമുക്കുതരേണം; നാട്ടിലിരിക്കും പട്ടന്മാരും, നാലാക്കൊന്നു നമുക്കുതരേണം; വീട്ടിലിരിക്കും നായന്മാർ പടവില്ലും കുന്തവുമേന്തിച്ചൊല്ലും- വേലയെടുത്തു പൊറുക്കണമെല്ലാനാളും പാർത്താ ദശമുഖഭവനേ; കള്ളുകുടിക്കും നായന്മാർക്കിടി കൊള്ളുന്താനുമതോർത്തീടേണം. |
” |
സമൂഹവിമർശനം
സമൂഹത്തിലെ തിന്മകളെ തന്റെ ഫലിതം കലർന്ന ശൈലിയിൽ നമ്പ്യാർ വിമർശിക്കുന്നത് പലയിടത്തും കാണാം.| “ | രാജ്യകാര്യങ്ങളെ ക്ലേശിക്കയെന്നൊരു വ്യാജംനടിച്ചു സമസ്ത സാധുക്കളെ തേജോവധംചെയ്തു വിത്തമാർജ്ജിച്ചുകൊണ്ടാജീവനാന്തം കഴിക്കുന്നിതുചിലർ. |
” |
| “ | വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാൻ കാരസ്കരഘൃതം ഗുൽഗുലുതിക്തകം ചേരുന്ന നെയ്കളുമെണ്ണപൊടികളും സാരമായുള്ള ഗുളികയും കൈക്കൊണ്ടുചെ- ന്നോരോവിധം പണം കൈക്കലാക്കീടുന്നു. |
” |
ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കാൻ ചിലപ്പോഴൊക്കെ, അവരുടെ കൊച്ചമ്മമാരോട് അടുത്തുകൂടുകയായിരുന്നു വഴി എന്ന അവസ്ഥ നമ്പ്യാർ ഹരിണീസ്വയംവരത്തിൽ സൂചിപ്പിക്കുന്നതിങ്ങനെയാണ്:-
| “ | സർവ്വാധികാരിയെക്കണ്ടാൽ നമുക്കിന്നു കാര്യങ്ങൾ സാധിക്ക വൈഷമ്യമായ്‌വരും. നാണിയെക്കണ്ടാലെളുപ്പമാമെന്നൊരു നാണിയം നാട്ടിൽ നടത്താതിരിക്കണം. |
” |
| “ | ഉണ്ണണമെന്നും മുറങ്ങണമെന്നും, പെണ്ണുങ്ങളൊടു രസിക്കണമെന്നും കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാം എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു വസ്തുവിചാരമൊരിക്കലുമില്ല. |
” |
ലോകോക്തികൾ
മലയാളത്തിലെ പ്രസിദ്ധമായ പല ലോകോക്തികളും നമ്പ്യാർക്കവിതയിൽ നിന്ന് വന്നവയാണ്:-- നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ.
- കണ്ടാലറിവാൻ സമർഥനല്ലെങ്കിൽ നീ കൊണ്ടാലറിയുമതിനില്ല സംശയം.
- കൂനൻ മദിച്ചെന്നാൽ ഗോപുരം കുത്തുമോ?
തുടങ്ങിയവയുടെ ഉറവിടം കല്യാണസൗഗന്ധികമാണെങ്കിൽ, താഴെപ്പറയുന്നവ കിരാതത്തിൽ നിന്നാണ്.
- മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.
- കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം.
- തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ.
- വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ.
- ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ.
- എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം.
നമ്പ്യാർ കവിതയുടെ വിമർശനം
എല്ലാവിഭാഗം മലയാളികളുടെയിടയിലും ജനസമ്മതിയും അംഗീകാരവും നേടിയ കവി ആയിരുന്നിട്ടും നമ്പ്യാർ കവിത ശക്തമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്. ഇതിഹാസപുരാണങ്ങളിലെ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും കേരളീയസാഹചര്യങ്ങളിൽ ഫലിതത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന നമ്പ്യാരുടെ രീതിയെ ഇരുപതാം നൂറ്റാണ്ടിലെ ഒന്നാംകിട മലയാള സാഹിത്യവിമർശകനായിരുന്ന കുട്ടികൃഷ്ണമാരാർ വാഗ്‌വ്യഭിചാരമായാണ് വിശേഷിപ്പിച്ചത്. കല്യാണസൗഗന്ധികത്തിലെ 'ഭീമ-ഹനൂമൽസംവാദ' ത്തിന്റെ നിശിതമായ വിമർശനം മാരാരുടെ 'ഭാരതപര്യടനം' എന്ന പ്രഖ്യാതകൃതിയിലുണ്ട്. നമ്പ്യാർ ഹനുമാനെ 'അങ്ങാടിക്കൂളനും' ഭീമസേനനെ 'മേനിക്കണ്ടപ്പനും' ആയി തരംതാഴ്ത്തിയെന്ന് മാരാർ ആക്ഷേപിക്കുന്നു:-| “ | പാണ്ഡവന്മാരുടെ തീർഥയാത്രയുടെ ഒടുക്കം ഗന്ധമാദനത്തിൽ വച്ചു പഞ്ചാലിക്കുവേണ്ടി സൗഗന്ധിപ്പൂക്കൾ തേടിപ്പോകുന്ന ഭീമസേനനെ, അദ്ദേഹത്തിന്റെ യുഗാന്തജ്യേഷ്ഠനായ ഹനുമാൻ വഴി തടഞ്ഞു പരിഹസിച്ച ഒരു സന്ദർഭമുണ്ടല്ലോ. അതിന്റെ പിന്നിലുള്ള അഗാധമായ ഭ്രാതൃവാത്സല്യത്തിന്നെതിരായി മഹാഭാരതത്തിൽ ഒരക്ഷരവുമില്ല. ഈ കഥയെടുത്തു നമ്മുടെ ഒരു 'ഹാസസാഹിത്യസാമ്രാട്ട്' എഴുതിയ തുള്ളലിൽ ആ സഹോദരസമാഗമം എന്തായിരിക്കുന്നു എന്നു നോക്കുക. അവിടെ ഹനുമാൻ വഴിപോകുന്നവരെ ചെന്നു തടഞ്ഞു വഴക്കുണ്ടാക്കി അവരെ പൊതിരെ തെറി പറഞ്ഞുവിടുന്ന അങ്ങാടിക്കൂളനും, ഭീമസേനൻ എന്തു തെറി കേട്ടാലും നാണമില്ലാതെ ഒഴിച്ചുപോകാതെ അതിനൊക്കെ പകരം വീമ്പിളക്കുവാൻ മിനക്കെടുന്ന മേനിക്കണ്ടപ്പനുമായി മാറിയിരിക്കുന്നു. ഇത്തരം വാഗ്‌വ്യഭിചാരങ്ങളെ ഉൽകൃഷ്ടസാഹിത്യത്തിന്റെ പന്തിയിലിരത്തുന്ന നമ്മുടെ വകതിരിവില്ലായ്മയെയാണ് ഞാനിവിടെ എതിർക്കുന്നത്.[4] | ” |
നമ്പ്യാരെക്കുറിച്ചുള്ള ഫലിതകഥകൾ
നമ്പ്യാരുടെ ഫലിതോക്തികൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകർന്നു ഇക്കാലം വരേയ്ക്കും എത്തിയിട്ടുണ്ട്. അസാധാരണമായ നർമ്മബോധവും കൗതുകമുണർത്തുന്ന ദ്വയാർത്ഥപരാമർശങ്ങളും ചേർന്ന അവ മലയാളികളുടെ ഫലിതശേഖരത്തിന്റെ പ്രിയപ്പെട്ട ഭാഗമായി തുടരുന്നു.- ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോൾ വാര്യർ അതിനെ "കരി കലക്കിയ കുളം" എന്നും നമ്പ്യാർ "കളഭം കലക്കിയ കുളം" എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകൾ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തിൽ, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്തരീതികളിൽ വർണ്ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ.
- കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോൾ വാര്യർ "കാതിലോല?" (കാ അതിലോല -ആരാണു് അവരിൽ സുന്ദരി?) എന്നു ചോദിച്ചപ്പോൾ നമ്പ്യാർ "നല്ലതാളി" (നല്ലത് ആളി - തോഴിയാണ് കൂടുതൽ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അർത്ഥം മനസ്സിലാകാത്തവർ ഈ സംഭാഷണത്തിൽ പരാമര്ശിക്കപ്പെട്ടത് യജമാനത്തി കാതിൽ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യിൽ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ.
- കൊട്ടാരത്തിൽ നിന്ന് നമ്പ്യാർക്ക് ദിനംപ്രതി രണ്ടേകാൽ ഇടങ്ങഴി അരി കൊടുക്കാൻ മാർത്താണ്ഡവർമ്മ രാജാവ് കൊടുത്തിരുന്ന കല്പന ആ രാജാവിന്റെ മരണശേഷം വ്യത്യസ്തമായി വ്യാഖ്യനിച്ച് കവിയെ ബുദ്ധിമുട്ടിക്കുവാൻ ഒരു ശ്രമം നടന്നത്രെ. രണ്ടേകാൽ എന്നതിന് രണ്ടുകാൽ ഇടങ്ങഴി അതായത്, ഇരുനാഴി അരി എന്നേ അർത്ഥമുള്ളു എന്നായിരുന്നു കലവറ അധികാരിയായ അയ്യരുടെ വ്യാഖ്യാനം. രണ്ടുനേരം ഉണ്ടാൽ മതിയെന്നിരിക്കേ, ഓരോ ഊണിനും, ഓരോ കാൽ ഇടങ്ങഴി(നാഴി) അരിവീതം രണ്ടുകാൽ ഇടങ്ങഴി മതിയാവും എന്ന് അവിടെയുണ്ടായിരുന്ന കലവറക്കാരൻ പണ്ടാല വിശദീകരണവും കൊടുത്തു. ഇതിൽ പ്രതിക്ഷേധിച്ച് നമ്പ്യാർ കാർത്തികതിരുനാൾ മഹാരാജാവിന് കൊടുത്ത പരാതി ഇങ്ങനെ ആയിരുന്നു:-
| “ | രണ്ടേകാലെന്നു കല്പിച്ചു, രണ്ടേ, കാലെന്നിതയ്യനും, ഉണ്ടോ, കാലെന്നു പണ്ടാല ഉണ്ടില്ലിന്നിത്ര നേരവും. |
” |
തുഞ്ചത്തെഴുത്തച്ഛൻ
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട് [1]. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിലെ തൃക്കണ്ടിയൂരിൽ ആയിരുന്നു കവിയുടെ ജനനം (ഇപ്പോൾ ഈ സ്ഥലം തുഞ്ചൻപറമ്പ് എന്നറിയപ്പെടുന്നു.) രാമാനുജൻ എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കു ശേഷം തൃക്കണ്ടിയൂരിൽ താമസമാക്കി എന്നു കരുതപ്പെടുന്നു. എഴുത്തച്ഛൻ എന്നുള്ളത് ഒരു ജാതിപ്പേരല്ലെന്നും ഒരു സ്ഥാനപ്പേരാണെന്നും രാമാനുജൻ എഴുത്തച്ഛനു ശേഷം പിൻതലമുറയിൽ പെട്ടവർ ഈ നാമം ജാതിപ്പേരായി ഉപയോഗിക്കുകയാണുണ്ടായതെന്നും കരുതുന്നു.[അവലംബം ആവശ്യമാണ്] കവിയുടെ കുടുംബപരമ്പരയിൽ ചിലരാണ് പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്.
ഉള്ളടക്കം |
ഐതിഹ്യം
| പ്രാചീന കവിത്രയം |
|---|
|
മലയാളഭാഷയുടെ പിതാവ്
എഴുത്തച്ഛനു മുമ്പും തെളിമലയാളത്തിൽ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ കേരളദേശത്ത് വന്നിരുനിട്ടും രാമാനുജൻ എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതിപ്പോരുന്നു. രാമാനുജൻ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസർ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ്. എഴുത്തച്ഛൻ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യപകർന്നു നൽകിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം.എഴുത്തച്ഛന്റെ കാവ്യങ്ങൾ തെളിമലയാളത്തിലായിരുന്നില്ല, സംസ്കൃതം പദങ്ങൾ അദ്ദേഹം തന്റെ കാവ്യങ്ങളിൽ യഥേഷ്ടം ഉപയോഗിച്ചുകാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയിൽ നാടോടി ഈണങ്ങൾ ആവിഷ്കരിച്ചതിലൂടെ കവിത കുറേകൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛൻ. അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനം ഈ ഒരു കർമ്മത്തിൽ അദ്ദേഹത്തിനു സഹായകരമായി വർത്തിക്കുകയും ചെയ്തിരിക്കാം. കിളിപ്പാട്ട് എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛൻ ആവിഷ്കരിച്ചത്. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിക്കുന്ന ഭാരതത്തിലെ ഇതിഹാസങ്ങൾ കുറേകൂടി ജനങ്ങൾക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാൻ. മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ ഇടംവരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതിൽ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു.
എഴുത്തച്ഛന്റെ കൃതികൾ
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ സാമാന്യം വലുതായ കിളിപ്പാട്ട് രചനകൾ രാമാനുജൻ എഴുത്തച്ഛന്റേതായിട്ടുണ്ട്. പ്രസ്തുതകൃതികളാകട്ടെ യഥാക്രമം ഭാരതത്തിലെ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികൾക്ക് പുറമേ ഇരുപത്തിനാലു വൃത്തം, ഹരിനാമകീർത്തനം, ഭാഗവതം കിളിപ്പാട്ട് എന്നീ ചെറിയ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഭാഗവതം കിളിപ്പാട്ടിലാകട്ടെ ദശമസ്കന്ധത്തിൽ മാത്രമേ എഴുത്തച്ഛന്റെ ശൈലി ദൃശ്യമായിട്ടുള്ളൂ, ഈ കൃതിയുടെ രചയിതാവിന്റെ കാര്യത്തിൽ ഇപ്പോഴും അഭ്യൂഹങ്ങൾ തുടരുന്നുണ്ട്. ആത്യന്തികമായി ഭക്തകവിയായിരുന്നുവെങ്കിലും ഏതാനും ചില കീർത്തനങ്ങൾ എഴുതുന്നതിലുപരിയായി എഴുത്തച്ഛന്റെ കാവ്യസപര്യ നിലനിന്നിരുന്നു. ഇതിഹാസങ്ങളുടെ സാരാംശങ്ങൾ ജനഹൃദയങ്ങളിലേക്ക് പകർന്നു നൽകുന്നതിലായിരുന്നു എഴുത്തച്ഛന്റെ കാവ്യനീതി.അദ്ധ്യാത്മരാമായണം, അയോദ്ധ്യാകാണ്ഡം - ശ്രീരാമൻ ലക്ഷ്മണനുപദേശിക്കുന്നത്:
| “ | മാതാപിതൃഭ്രാതൃമിത്രസഖികളെ ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാൻ ക്രോധം മൂലം മനസ്താപമുണ്ടായ് വരും ക്രോധമൂലം നൃണാം സംസാരബന്ധനം ക്രോധമല്ലോ നിജധർമ്മക്ഷയകരം ക്രോധം പരിത്യജിക്കേണം ബുധജനം ക്രോധമല്ലോ യമനായതു നിർണ്ണയം വൈതരണ്യാഖ്യയാവുന്നതു തൃഷ്ണയും സന്തോഷമാകുന്നതു നന്ദനം വനം... |
” |
ആരണ്യകാണ്ഡം - സീതാപഹരണവേളയിൽ മാരീചനിഗ്രഹം കഴിച്ചുവരുന്ന രാമൻ, ലക്ഷ്മണനെ ദൂരെപ്പാർത്തു അവതാരലക്ഷ്യം മറച്ചുവയ്ക്കുന്ന രംഗം:
| “ | ലക്ഷ്‌മണൻ വരുന്നതു കണ്ടു രാഘവൻതാനു- മുൾക്കാമ്പിൽ നിരൂപിച്ചു കൽപിച്ചു കരണീയം. "ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാർത്ഥ- മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ. രക്ഷോനായകൻ കൊണ്ടുപോയതു മായാസീതാ- ലക്ഷ്‌മീദേവിയെയുണ്ടോ മറ്റാർക്കും ലഭിക്കുന്നു? അഗ്നിമണ്ഡലത്തിങ്കൽ വാഴുന്ന സീതതന്നെ ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ. ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ് ചെല്ലാമല്ലോ രക്ഷോനായകനുടെ രാജ്യത്തി,ലെന്നാൽ പിന്നെ- ത്തൽക്കുലത്തോടുംകൂടെ രാവണൻതന്നെക്കൊന്നാൽ അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാൽ കൈക്കൊണ്ടുപോകാമയോദ്ധ്യയ്‌ക്കു വൈകാതെ, പിന്നെ അക്ഷയധർമ്മമോടു രാജ്യത്തെ വഴിപോലെ രക്ഷിച്ചു കിഞ്ചിൽ കാലം ഭൂമിയിൽ വസിച്ചീടാം. പുഷ്‌കരോൽഭവനിത്ഥം പ്രാർത്ഥിക്കനിമിത്തമാ- യർക്കവംശത്തിങ്കൽ ഞാൻ മർത്ത്യനായ്പിറന്നതും. മായാമാനുഷനാകുമെന്നുടെ ചരിതവും മായാവൈഭവങ്ങളും കേൾക്കയും ചൊല്ലുകയും ഭക്തിമാർഗ്ഗേണ ചെയ്യും മർത്ത്യനപ്രയാസേന മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും. ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാൻ പ്രാകൃതപുരുഷനെപ്പോലെ"യെന്നകതാരിൽ നിർണ്ണയിച്ചവരജനോടരുൾചെയ്തീടിനാൻ |
” |
രാമായണം എഴുതുവാൻ എഴുത്തച്ഛൻ തിരഞ്ഞെടുത്തിരിക്കുന്ന വൃത്തങ്ങളും ശ്രദ്ധേയമാണ്. ദ്രാവിഡനാടോടിഗാനങ്ങളിൽ നിന്നും, ആര്യാവർത്തികളുടെ സംസ്കൃതം ചന്ദസ്സുകളിൽ നിന്നും വ്യത്യസ്തമായി പ്രാചീനദ്രാവിഡ കവനരീതിയാണ് എഴുത്തച്ഛൻ അവലംബിച്ചിരിക്കുന്നത്. കഥാഗതിയുടെ അനുക്രമമനുസരിച്ച് ആഖ്യാനത്തിൽ താളബോധം വരുത്തുവാനെന്നോളം ഓരോ കാണ്ഡങ്ങൾക്കും അനുയോജ്യമായ വൃത്തങ്ങളാണ് എഴുത്തച്ഛൻ ഉപയോഗിച്ചിരിക്കുന്നത്. ബാലകാണ്ഡത്തിലും ആരണ്യകാണ്ഡത്തിലും കേക വൃത്തമാണെങ്കിൽ അയോദ്ധ്യാകാണ്ഡത്തിനും യുദ്ധകാണ്ഡത്തിനും കാകളിയും ഇടയിൽ സുന്ദരകാണ്ഡത്തിനുമാത്രമായി കളകാഞ്ചിയും ഉപയോഗിച്ചിരിക്കുന്നു. പാരായണത്തിൽ ആസ്വാദ്യമായ താളം വരുത്തുവാൻ ഇത്തരം പ്രയോഗത്തിലൂടെ എഴുത്തച്ഛനു സാധിച്ചിരുന്നു.
എഴുത്തച്ഛന്റെ കൃതികൾ അവയുടെ കാവ്യമൂല്യങ്ങൾക്കപ്പുറം സാംസ്കാരികപരിച്ഛേദങ്ങൾക്ക് പ്രശസ്തമാവുകയാണുണ്ടായത്. മലയാളഭാഷയുടെ സംശ്ലേഷകൻ എന്നതിലുപരി എഴുത്തച്ഛനു സാംസ്കാരികനായകന്റെ പരിവേഷം നൽകുവാനും അദ്ദേഹത്തിന്റെ കാവ്യങ്ങൾക്കായിരുന്നു.
വിശകലനം
പൊതുവെ ഭക്തകവികളെ കുറിച്ചുള്ള വിമർശനങ്ങൾ എഴുത്തച്ഛന്റെ കവിതകളെ കുറിച്ചും നിരൂപകർ പരാമർശിച്ചുകാണുവാറുണ്ട്. അതിലൊന്നു രാമനെയോ കൃഷ്ണനെയോ കുറിച്ചുള്ള വർണ്ണനകളിൽ (പൊതുവെ ദേവരെ കുറിച്ചുള്ള വർണ്ണനകളിൽ) അത്യധികം വിശേഷണരൂപങ്ങളും അലങ്കാരവാക്കുകളും പ്രയോഗിക്കുന്നതിനെ കുറിച്ചാണ:| “ | രാഘവം പ്രണതാർത്തിഹാരിണം ഘൃണാകരം രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം. ഇന്ദിരാരമണമിന്ദീവരദളശ്യാമ- മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം സുന്ദരം സുകുമാരം സുകൃതിജനമനോ- മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം |
” |
എങ്കിലും ശ്രദ്ധേയമായ വസ്തുതയെന്തെന്നാൽ ഭക്തിപ്രസ്ഥാനത്തിനോടുള്ള സ്വകാര്യവും തീക്ഷ്ണവുമായുള്ള അനുഭാവം എഴുത്തച്ഛന്റെ വരികളുടെ കാവ്യാത്മകത കെടുത്തുന്നില്ലെന്നതാണ്.
ചെറുശ്ശേരിയിൽ നിന്നു എഴുത്തച്ഛനിലേക്കുള്ള മലയാളം കവിതയുടെ വളർച്ച മദ്ധ്യകാലത്തുനിന്നു് ആധുനികകാലത്തേക്കുള്ള വളർച്ചയായി കരുതാവുന്നതാണ്. രാവണൻ, ദുര്യോധനൻ എന്നീ നായകവിരുദ്ധസ്വഭാവം പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലും തികഞ്ഞമാന്യതയോടും സംശുദ്ധിയോടും കൂടി അവതരിപ്പിക്കുകയാണ് എഴുത്തച്ഛൻ ചെയ്തത്. ആത്മീയതയും സാഹിത്യചിന്തയും ഒരേ അളവിൽ ചേർത്തായിരുന്നു എഴുത്തച്ഛന്റെ സാഹിത്യരചന. അദ്ദേഹം കഥപറയുന്നതിൽ എടുത്ത സ്വാതന്ത്ര്യമാകട്ടെ അന്നുവരെ കാണാതിരുന്ന രസങ്ങളെയും ഭാവങ്ങളെയും കവിതയിൽ അനന്യസാധാരണമായ ശൈലിയിൽ വർണ്ണിക്കുവാനും അദ്ദേഹത്തിനു സഹായകരമായി.
ഗുരുമഠം
ശോകനാശിനി അഥവാ ചിറ്റൂർ പുഴയുടെ തീരത്തുള്ള എഴുത്തച്ചന്റെ വാസസ്ഥാനമായിരുന്നു ഗുരുമഠം.അധ്യാത്മ രാമായണത്തിന്റെ രചന ഇവിടെ വച്ചായിരുന്നു.തുഞ്ചൻ സ്‌മാരകം
1964 ജനുവരി 15ന് തുഞ്ചൻസ്‌മാരകം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. എഴുത്തച്ഛന്റെ സ്‌മരണ നിലനിർത്താനായി ഇവിടെ എല്ലാവർഷവും തുഞ്ചൻദിനം ആഘോഷിക്കുന്നു. കെ.പി കേശവമേനോൻ ആയിരുന്നു ആദ്യ ചെയർമാൻ. ഇപ്പോൾ എം.ടി വാസുദേവൻ നായരാണ് ചെയർമാൻഅവലംബം
- ↑ http://www.angelfire.com/art2/ezhuthachan/
- ↑ കൊട്ടാരത്തിൽ, ശങ്കുണ്ണി (ഏപ്രിൽ 1994) [1909-1934]. ഐതിഹ്യമാല. 1-8 (6th ed.). കറന്റ് ബുക്സ്. ISBN 81-240-00107
No comments:
Post a Comment