Tuesday, 22 May 2012

വനസംരക്ഷണം ജനപങ്കാളിത്തത്തോടെ

ജനങ്ങളുടെ പങ്കാളിത്തത്തോടെയും പൂര്‍ണ്ണമായ സഹകരണത്തോടെയും വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന്‌ വനം വകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വം പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സ്വാമി അയ്യപ്പ പൂങ്കാവന പുനരുദ്ധാരണ ഇക്കോ ഡവലപ്മെന്‍റ് കമ്മിറ്റികള്‍ക്കായി പമ്പയില്‍ (സാപ്‌-ഇ.ഡി.സി) സംഘടിപ്പിച്ച പരിശീലന ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനങ്ങളോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ജനവിഭാഗങ്ങള്‍ക്ക്‌ വന സംരക്ഷണത്തില്‍ മുഖ്യമായ പങ്കാണുള്ളത്‌.

ഇക്കോ ഡപലപ്മെന്‍റ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. വനസംരക്ഷണത്തില്‍ ഇ.ഡി.സി.കളുടെ പങ്കാളിത്തം കൂട്ടും. ഇ.ഡി.സി.കളുടെ സഹകരണത്തോടെ ഇതിനകം വനസംരക്ഷണത്തില്‍ വമ്പിച്ച പുരോഗതി നേടാനായിട്ടുണ്ട്‌. ഇ.ഡി.സി.കളുടെ പങ്കാളിത്തത്തോടെ ശബരിമലയെ പ്ലാസ്റ്റിക്‌ വിമുക്തമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുമെന്നും ക്ഷേത്രത്തിന്‍റെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ഇ.ഡി.സി.കളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ശബരീതീര്‍ത്ഥം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. പദ്ധതി ഭാഗമായി കുപ്പികള്‍ വില നല്‍കി തിരികെ വാങ്ങുന്നത്‌ ശബരിമലയെ പ്ലാസ്റ്റിക്‌ വിമുക്തമാക്കുന്നതിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും ഇ.ഡി.സി.കള്‍ പ്രധാന പങ്ക്‌ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

വനം വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ കണ്‍ട്രോള്‍ റൂം തുറക്കുമെന്നും ദേവസ്വം വകുപ്പും ബോര്‍ഡുമായി സഹകരിച്ച്‌ തീര്‍ത്ഥാടകര്‍ക്ക്‌ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. അഴുതക്കടവു മുതല്‍ പമ്പവരെയും ഉപ്പുപാറ മുതല്‍ പാണ്ടിതാവളം വരെയുമുള്ള ഒന്‍പത്‌ താവളങ്ങളിലെ 670 ഇ.ഡി.സി.അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും.

പരമ്പരാഗത കാനന പാതയിലൂടെയും മറ്റ്‌ വഴികളിലൂടെയും ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക്‌ മികച്ച സേവനം ലഭ്യമാക്കുന്നതിനുള്ള പരിശീലനമാണ്‌ നല്‍കുന്നത്‌.

No comments:

Post a Comment